സമകാലീന ഇന്ത്യ നേരിടുന്ന വർഗീയത എന്ന വിപത്തിനെ വിവിധ കോണുകളിൽനിന്ന് നോക്കിക്കാണുന്ന, ഉൽക്കണ്ഠപ്പെടുന്ന, പ്രതിവിധി നിർദേശിക്കുന്നതാണ്, ഈ ഡി ഡേവീസിന്റെ ‘സെക്കുലറിസം, ബഹുസ്വരത, മനുഷ്യാവകാശം’ എന്ന ഗ്രന്ഥം. ഡോ. കെ എം അനിലിന്റെ അവതാരികയ്ക്കൊപ്പം ആറ് അധ്യായങ്ങൾ ചേർന്നതാണ് ഇതിന്റെ ഉള്ളടക്കം,. ഗാന്ധിജി, നെഹ്റു, അംബേദ്കർ, ഇ എം എസ്സ്, തായാട്ട് എന്നിവരുടെ നിലപാടുകളിലൂടെ; ഇന്ത്യ നേരിടുന്ന വർഗീയതാപ്രശ്നത്തെ അവലോകനം ചെയ്യാനാണ് ഗ്രന്ഥത്തിൽ പ്രധാനമായും ശ്രമിക്കുന്നത്. ആ നിലയ്ക്ക് ഇന്നത്തെ കാലത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു രചനയായി ഇതിനെ കണക്കാക്കാം.

ബഹുസ്വരത എന്ന പൊതു ചട്ടക്കൂടിനകത്താണ് ഇന്ത്യയുടെ ഭരണഘടനാമൂല്യങ്ങൾ പൊതുവിൽ ഒരുക്കപ്പെട്ടത്. അതുകൊണ്ടുതന്നെ, അത്തരം മൂല്യങ്ങളുടെ ഇന്ത്യയുടെ ഉള്ളടക്കം യൂറോപ്പ് അടക്കം ഇതര രാജ്യങ്ങളിലേതിൽനിന്ന് വ്യത്യസ്തമാണിത്. ദേശീയത, സെക്കുലറിസം, ജനാധിപത്യം, ഫെഡറലിസം എന്നിവയ്ക്കൊക്കെ ഈ വ്യത്യസ്തത അനുഭവപ്പെടും. അതിന്റെ പ്രധാന കാരണം മതം, ജാതി, പ്രദേശം, ഭാഷ, വസ്ത്രം, ഭക്ഷണം എന്നിവയിലൊക്കെ ഇന്ത്യ എന്ന ഈ മഹാരാജ്യത്തുള്ള വൈവിധ്യങ്ങളാണ്. രാജ്യത്തിന്റെ വലിപ്പവും ജനങ്ങളുടെ എണ്ണവുമെല്ലാം ഇതിന്റെ കാരണങ്ങളാണ്. ഈ വൈവിധ്യങ്ങളെ അവയുടെ സ്വത്വനിർണ്ണയം വഴി വേറിട്ടുപോകാൻ അനുവദിക്കാതെ, മറ്റൊരു ദിശാബോധം കല്പിച്ചുനൽകി എന്നതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ പ്രത്യേകത. അതിന്നായി, ഗാന്ധിയുടെ നേതൃത്വത്തിൽ കൈക്കൊണ്ട നിലപാടുകൾ ശരിയായിരുന്നു എന്നാണ് അന്നും ഇന്നും കാലം തെളിയിക്കുന്നത്.

സ്വതന്ത്രഇന്ത്യയിൽ ഭരണഘടനാമൂല്യങ്ങൾക്കെതിരെ പലപ്പോഴും വലിയ ഭീഷണികൾ ഉയർന്നുവന്നെങ്കിലും ‘‘നമ്മൾ ഇന്ത്യക്കാർ’’ എന്ന മനോവികാരവും കൂട്ടായ്മയും ഇത്തരം കടന്നാക്രമണങ്ങളെ പ്രതിരോധിക്കുകയായിരുന്നു. ഇവയിൽ പലതും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ അവ അതാത് പ്രശ്നങ്ങളിലേക്ക് മാത്രം ന്യൂനീകരിക്കാതെ മനുഷ്യാവകാശസംരക്ഷണം എന്ന വിശാല ക്യാൻവാസിൽ കാണാൻ ഗ്രന്ഥം ശ്രദ്ധിക്കുന്നുണ്ട്. സമൂഹത്തിൽ മുതലാളിത്ത വളർച്ചയോടൊപ്പം, ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ മുതലാളിത്തത്തിന്റെ വിശാലത പോലും ഇന്ത്യയിൽ കാണിച്ചിരുന്നില്ല. ഇന്ത്യയിലെ മത-ജാതി വ്യത്യാസങ്ങളെ ഇല്ലാതാക്കി ജനാധിപത്യ / മതേതര ചട്ടക്കൂട്ടിൽ സമൂഹത്തെ ഉയർത്തുന്നതിനുപകരം, അനിൽമാഷ് അവതാരികയിൽ സൂചിപ്പിച്ചതുപോലെ, ‘‘വ്യക്തിനിയമങ്ങളെ ക്രോഡീകരിക്കുന്നതിലൂടെയും മതപരമായ വ്യത്യാസങ്ങളെ സ്ഥാപനവൽക്കരിക്കുന്നതിലൂടെയും അവർ മതപരമായ സ്വത്വങ്ങളെ ഉറപ്പിച്ചു’’ നിർത്തുകയായിരുന്നു. അത് ക്രമത്തിൽ സ്വത്വരാഷ്ട്രീയമായി രൂപം കൊള്ളുകയായിരുന്നു.

eddavid

ഗാന്ധിജിയുടെ ബഹുസ്വര ഭാവനയിലും അംബേദ്കറുടെ സാമൂഹിക നീതിയിലും, നെഹ്റുവിന്റെ സെക്യുലർ നിലപാടിലും, സ്വത്വരാഷ്ട്രീയത്തിന്ന് വലിയതോതിൽ തലപൊക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, പല തലങ്ങളിലും തരത്തിലും ഉണ്ടായ സാമൂഹിക അസ്വസ്ഥതയുടെ അവസരങ്ങളിൽനിന്ന് മുതലെടുത്തുകൊണ്ട്, ഇന്ന് വർഗീയത അതിന്റെ രൌദ്രസ്വഭാവത്തിലേക്കെത്തിയിരിക്കയാണ്. ബഹുസ്വരതയിൽ ഉരുവംകൊണ്ട ദേശീയതയേയും സാമൂഹികനീതി നിലനിർത്താനായി എല്ലാവരേയും ഉൾക്കൊള്ളുന്ന സെക്യുലർ സമീപനവുമാണ് ഇന്ന് ഇതിന്റെ ഭാഗമായി എത്രയും കൂടുതൽ ഭീഷണികളെ നേരിടുന്നത്. ഇക്കാര്യമാണ് ഡേവീസ്ഓരോ അധ്യായത്തിലും പ്രതിപാദിക്കുന്നത്. ഇതിന്നെതിരെ പൌരസമൂഹത്തിൽനിന്ന് ഉയർന്നുവരേണ്ട പ്രതിരോധങ്ങളെപ്പറ്റിയും പറയുന്നു.

മതജീവിതമാണ് ധർമ്മികവിചാരത്തിനും വികസന നൈതികതയ്ക്കുമടിസ്ഥാനമെന്ന നിലയ്ക്കുള്ള പ്രചാരണത്തെ ഗ്രന്ഥകർത്താവ് ചോദ്യംചെയ്യുന്നു. ഇന്നത്തെ മത-വിദ്യാഭ്യാസ പ്രചാരണത്തിന്റെ അടിസ്ഥാനംതന്നെ ഈ അരാഷ്ട്രീയ നിലപാടാണ്. മറിച്ച്, എല്ലാവരെയും ഉൾക്കൊള്ളാനുള്ള സെക്യുലർ, ജനാധിപത്യ, മാനവികതാബോധ സമീപനങ്ങളാണ് പ്രധാനം. സെക്യുലർ എന്നാൽ കേവലം മതേതരം മാത്രമല്ല, ഏകോദര സാഹോദര്യഭാവവും അതിന്നനുസരിച്ച പ്രവർത്തനവുമാണ്. അത്തരത്തിലുള്ള ഒരു സാമൂഹികനീതിയാണ് സെക്യുലറിസം ലക്ഷ്യമിടുന്നതെന്ന് അംബേദ്കർ സൂചിപ്പിച്ചിരുന്നു. ഈ നിലപാടുമായാണ് ഗാന്ധിജി, ‘‘സർവമത സമഭാവന’’ മുന്നോട്ടു വെക്കുന്നത്.

മതാശയങ്ങളല്ല, പ്രത്യയശാസ്ത്രം. പ്രത്യയശാസ്ത്രമെന്നത്, ശാസ്ത്രബോധവും ചരിത്രബോധവും സാമൂഹികബോധവും ഉൾച്ചേർന്ന ഒരേതരം ഉയർന്ന രാഷ്ട്രീയബോധമാണ്. അതാണ് സാമൂഹികമാറ്റത്തിനും, മോചനത്തിനുമുള്ള ഉപാധി. അതിനാൽ, മതാശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും കൂട്ടിക്കുഴക്കാതിരുന്നു എന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ പ്രധാന സവിശേഷത. ഭരണഘടന ഇന്ത്യയിലെ ജനങ്ങൾക്ക് മതാശയങ്ങളെ മൌലികാവകാശമാക്കുമ്പോൾ തന്നെ, ഇന്ത്യയ്ക്കായൊരു പ്രത്യേകമതം ഇല്ലെന്ന കാര്യം കൃത്യതപ്പെടുത്തുന്നു. വ്യക്തിജീവിതത്തിലും സമൂഹത്തിലും ഈ മതാശയപ്രത്യയശാസ്ത്ര വൈരുധ്യത്തെ പരിപാലിക്കുന്നു എന്നതാണ് ചെറിയതെങ്കിലും ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്ന വലിയആശയം. അതുകൊണ്ടുതന്നെ, ഇത് പ്രചരിപ്പിക്കപ്പെടേണ്ട ഗ്രന്ഥമാണ്.

Tags

About the Author

പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍

പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

അഭിപ്രായങ്ങൾ (0)

അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ദയവായി .
ആദ്യമായി ഒരു അഭിപ്രായം രേഖപ്പെടുത്തൂ!